04828-221368

info@holyfamilychurchpkm.com

04828 - 221368

info@holyfamilychurchpkm.com

Daily Saints

നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു - February 02

തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത്‌ ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു.

വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സിന്റെ അലങ്കാരങ്ങളും പുല്‍ക്കൂടും ഈ തിരുനാള്‍ വരെ നിലനിര്‍ത്തുന്ന പതിവും നിരവധി ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവ കുമാരനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത്, തിരുപ്പിറവി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് കണക്കാക്കുന്നത്.

പഴയ ആചാരമനുസരിച്ച് ആദ്യജാതനായ കര്‍ത്താവായ യേശുവിനെ അനുഗ്രഹീതയായ അമ്മയും, വിശുദ്ധ ഔസേപ്പിതാവും ചേര്‍ന്ന് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘുസ്തോത്രങ്ങളും, ശിമയോന്റെ വാക്കുകളും, പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി, ശിശുവായ യേശു മിശിഖായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും, പ്രദിക്ഷിണവും നടത്തുന്നത്. മദ്ധ്യകാലഘട്ടങ്ങളില്‍ ‘പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ’ അല്ലെങ്കില്‍ ‘കാന്‍ഡില്‍ മാസ്’ തിരുനാളിന് വളരെയേറെ പ്രാധ്യാന്യം ഉണ്ടായിരുന്നു.

മോശയുടെ ന്യായപ്രമാണമനുസരിച്ച് വിശുദ്ധ ഔസേപ്പിതാവും, മാതാവായ കന്യകാമറിയവും യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു. "ഇതാ എനിക്ക് മുന്‍പേ വഴിയൊരുക്കുവാന്‍ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു, നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍തന്നെ തന്റെ ആലയത്തിലേക്ക്‌ വരും" (മലാക്കി 3:1). യേശുവിന്റെ ജനനത്തിനു 6 മാസം മുന്‍പ്‌ ജനിച്ച വിശുദ്ധ സ്നാപക യോഹന്നാനെയാണ് ദൈവം യേശുവിനു വഴിയൊരുക്കുവാനായി അയക്കുന്നത് എന്ന് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സുവിശേഷ വസ്തുതകളില്‍ നിന്നും മലാക്കി പ്രവാചകന്റെ വാക്കുകള്‍ നമുക്ക്‌ ഗ്രഹിക്കാവുന്നതാണ്. യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് ദൈവത്തിന്റെ ദേവാലയ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവം മനുഷ്യനെ തന്റെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചു, അതുവഴി, യഥാര്‍ത്ഥത്തില്‍ തന്നെ അന്വോഷിക്കുന്നവര്‍ക്കായി തന്നെ തന്നെ നല്‍കി.